Wednesday, October 15, 2008

മലയാളം മലയാളിയുടെ വെറുമൊരഭിമാനപ്രശ്നം മാത്രമല്ല.

'മലയാള ഭാഷ നമ്മുടെ മാതൃഭാഷയാണ്' എന്നതിന് എന്തൊക്കെ അര്‍ത്ഥങ്ങളാണ് ഉള്ളത്? വൈകാരികമായ അര്‍ത്ഥങ്ങളെപ്പറ്റി ധാരാളം സംസാരിയ്ക്കപ്പെടുന്നുണ്ട് നമുക്ക് ചുറ്റും.പുതുതായിനിയൊന്നും പറയാനില്ലാത്തവണ്ണം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളതാണ് മലയാളം എന്ന 'വികാരം'.
അത് കൊണ്ട് കുറച്ച് ടെക്നിക്കലാകാം.പെട്രോളെഞ്ചിന് പെട്രോള്‍ എന്താണോ,അതാണ് മനുഷ്യന്റെ തലച്ചോറിന് മാതൃഭാഷ. അതായത് നമ്മുടെ തലച്ചോറ്,ഏറ്റവും എഫിഷ്യന്റായി പ്രവര്‍ത്തിയ്ക്കുക നമ്മുടെ മാതൃഭാഷയിലാണ്. മറ്റൊരു ഭാഷയില്‍ അത് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ശ്രമിച്ചാലും അത് പ്രവര്‍ത്തിയ്ക്കുകയൊക്കെച്ചെയ്യും,പക്ഷെ അദ്ധ്വാനത്തിന്റെ മൂല്യത്തിന് നല്ല നഷ്ടം സംഭവുയ്ക്കും. ഈ നഷ്ടത്തിനെ ട്രാന്‍സ്ലേഷന്‍ ലോസ് അല്ലെങ്കില്‍ വിവര്‍ത്തനനഷ്ടം എന്ന് വിളിയ്ക്കാം.ഈ നഷ്ടം അന്യഭാഷയിലുള്ള തലച്ചോറിന്റെ ഗ്രിപ്പും വിവര്‍ത്തനം ചെയ്യുക എന്ന ഫങ്ഷന്‍ പ്രസ്തുത തലച്ചോറില്‍ എത്ര മാത്രം വികസിച്ചിരിയ്ക്കുന്നു എന്നതിനെയെല്ലാമാശ്രയിച്ച് ഏറിയും കുറഞ്ഞുമിരിയ്ക്കുന്നു.
അന്യഭാഷയായ ഇംഗ്ലീഷില്‍ ബുദ്ധിയെ പ്രവര്‍ത്തിപ്പിയ്കാന്‍ ശ്രമിയ്ക്കുന്ന മലയാളി,അതേ പ്രവൃത്തി മാതൃഭാഷയായ ഇംഗ്ലീഷ് ഉപയോഗിച്ച് ചെയ്യുന്ന സായിപ്പ് സുഹൃത്തിനേകാള്‍ പിന്നിലായിപ്പോകുന്നു എന്നതില്‍ സംശയവും വേണ്ട.നമ്മുടെ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ അനുപാതത്തിലല്ല നമ്മുടെ പുരോഗതി.
നമ്മുടെ കഴിവിനനുപാതമായി പുരോഗതി നേടാന്‍ നമ്മുടെ തലച്ചോറാകുന്ന യന്ത്രത്തിനിടേണ്ട എണ്ണയാണ് മലയാളം എന്നതാണ് 'മലയാളം നമ്മുടെ മാതൃഭാഷയാണ്' എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരേണ്ടത്.

2 comments:

Dr.Abdul Azeez KS said...

പ്രിയ പ്രവീണ്‍ ബ്ലോഗിലെ കന്നി ആര്‍ട്ടിക്കിള്‍ വായിച്ചു. പ്രവീണിനെ പ്പോലെ ചിന്തിച്ചിരുന്ന ഒരാളാണ് ഞാന്‍. സ്കൂള്‍ പോയിട്ടില്ലാത്ത കുഗ്രാമത്തില്‍ താമസിച്ചിരുന്ന,
എന്റെ ഉമ്മക്ക്‌ മലയാളം മാത്രം മതിയായിരുന്നു. മലയാളമല്ലാത്ത ഒരു ഭാഷയും അവര്‍ക്ക് മനസ്സിലാകില്ലായിരുന്നു. ഉമ്മാക്ക് അത് കൊണ്ടു തകരാരില്ലയിരുന്നു.
പക്ഷെ മലയാളികള്‍ മാത്രമല്ല ,ഒരു സമൂഹവും, ജീവിക്കുന്നത് ഒരു റോബിന്‍ സണ്‍ക്രുസോ സമൂഹത്തിലല്ല. പല സമൂഹങ്ങളുമായുള്ള കൊടുക്കല്‍ വാങ്ങലിലൂടെയാനുയാണ് ഒരു സംസ്കാരം വളരുന്നത്‌. അതില്‍ ഭാഷയും ഉള്‍പ്പെടുന്നു. ശുദ്ധമായ ഒരു ഭാഷയും ഇന്ന് ലോകത്തില്‍ ഒരിടത്തും നിലവിലില്ല .മലയാളികള്‍ ഇന്ന് ഉപയോഗിക്കുന്ന ജ്ഞാനം, ടെക്നോളജി ഒന്നും മലയാളികളുടെ സ്വന്തമല്ല. വ്യവസായ വിപ്ലവം അരങ്ങേറിയത് കേരളത്തിലല്ല. സയന്‍സ് വികസിച്ചത് കേരളത്തിലല്ല. അപ്പോള്‍ അതെല്ലാം സ്വാംശീകരിക്കുന്ന മലയാളിക്ക് അതിലെ ഭാഷക്ക് പുര്‍ണമായ ഒരു മലയാള തര്‍ജമ യിലൂടെ പുനര്‍ജനിപ്പിക്കുവാന്‍ കഴിയില്ല. അങ്ങിനെ ചെയ്യുന്നതില്‍ അര്‍ത്ഥവുമില്ല. അങ്ങിനെ ബസ്സിനു പകരം ഇരു ചക്ര ഗമനാ ഗമനി പ്രയോഗിച്ചു മലയാളിയെ പീഡിപ്പിക്കുന്നതില്‍ ‍ അര്‍ത്ഥവുമില്ല.
ഇങ്ങിനെ എഴുതി എന്നതിന് അമ്മയെ മമ്മിയാക്കുവാനല്ല ഞാന്‍ ഉദ്ദേശിച്ചത്. പുര്‍ണമായ മലയാളവാശി ഉപേക്ഷിക്കേണ്ടി വരും എന്നേ അര്‍ത്ഥമുള്ളൂ.

Anonymous said...

നന്നായിട്ടുണ്ട് പ്രവീണ്‍.